Tuesday, 4 November 2025

ആഗമനനാളുകള്‍ക്കൊരാമുഖം


 

സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം ആര്‍ക്കുവര്‍ണ്ണിക്കാ -
മതിന്‍ ഭാഗ്യമോര്‍ക്കുന്തോറുമെനിക്കാശയേറുന്നു.

                       -വി.നാഗല്‍

    ആഗമനനാളുകളിൽ മലയാളസഭയുടെ ചിന്തകൾ ദൈവരാജ്യം എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ്; ദൈവരാജ്യത്തിന്റെ പിറവി, വ്യാപനം, സ്വാധീനം, ഘടന, പ്രവർത്തനം ഇങ്ങനെ അതിന്റെ ബഹുമുഖങ്ങളായ പ്രതിഭാസങ്ങളെ (വെളിപ്പെടലുകളെ, പ്രകാശനങ്ങളെ) ആഴത്തിലും പരപ്പിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന 9 പാഠങ്ങളാണ് ഈ പ്രസംഗങ്ങൾ. ഈ പ്രസംഗങ്ങൾക്കാധാരമായ 27 വേദപാഠഭാഗങ്ങൾ ദൈവ(സ്വർഗ്ഗ)രാജ്യം എന്ന ആശയത്തെ പലകോണുകളിൽ നിന്ന് നോക്കിക്കാണുവാനും, പലതരം അനുഭവങ്ങളിലൂടെ അടുത്തറിയുവാനും നമുക്ക് ധാരാളം അവസരങ്ങൾ നൽകുന്നു. ദൈവേഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ എന്ന് പ്രാർത്ഥിപ്പാൻ ആവശ്യപ്പെടുന്ന കർത്താവ് തന്നെയാണ് ഈ രാജ്യത്തിന്റെ രാജാവ്; ഭാഗ്യവിധാതാവും ഗതിനിയന്താവും (trend setter) അവൻ തന്നെയാണ്.

    എന്തൊക്കെയാണ് ദൈവരാജ്യത്തിന്റെ തനതായ (unique) സ്വഭാവവിശേഷങ്ങള്‍? നമുക്ക് പരിചിതമായ ലോകക്രമത്തില്‍നിന്ന് എത്രമാത്രം അകന്നതും, വ്യത്യാസമുള്ളതുമാണ് ദൈവരാജ്യത്തിന്റെ ഭരണഘടനയും നീതിബോധവും? ഇവ രാജ്യത്തിന്റെ പൗരന്മാര്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ പ്രായോഗികക്ഷമതയോടെ ഉപയോഗിക്കുവാന്‍ കഴിയുന്നതാണോ? അതോ അമൂര്‍ത്തമായ (abtsract), അപ്രായോഗികമായ ചില ആദര്‍ശങ്ങള്‍ മാത്രമാണോ (utopian)? ആരൊക്കെയാണ് ദൈവരാജ്യത്തിലെ പൌരന്മാര്‍? ഏതുവിധമാണ് അവര്‍ പൗരത്വം സ്വന്തമാക്കിയത്? ഇത് അവരെ മറ്റുള്ള ജനങ്ങളില്‍ നിന്ന് വ്യത്യസ്തരായി അടയാളപ്പെടുത്തുന്നുണ്ടോ? എല്ലാ മനുഷ്യരേയും ഉള്‍ക്കൊള്ളുന്ന വിശാലസമീപനമാണോ ദൈവരാജ്യത്തിന്റേത്? അതോ പല കാരണത്താല്‍ പലരേയും പുറന്തള്ളുന്ന സ്വഭാവമാണോ? എന്നു മുതലാണ് ഈ രാജ്യം നിലവില്‍ വരുന്നത്?  എവിടെയെല്ലാമാണ് ദൈവരാജ്യത്തിന്റെ അധികാരം നടപ്പില്‍ വരുന്നത്?  എന്താണ് ഈ രാജ്യത്തിന്റെ ഗതി... ഭാവി?
 

    വേദശാസ്ത്രത്തിലെ (theology) പല വാക്കുകളും പ്രയോഗങ്ങളും വ്യാഖ്യാനിക്കുവാൻ ഈ ചിന്തകളിലൂടെ എളുപ്പമാണ്. പക്ഷേ ദൈവരാജ്യം നിത്യജീവിതത്തെ സ്വാധീനിക്കുന്ന അനുഭവമാക്കി മാറ്റുക എന്നത് ഏറെ പ്രയാസമുള്ളതാണ്. അങ്ങനെയുള്ള ജീവിതങ്ങളിൽ ഈ രാജ്യത്തിന്റെ അനുഭവം ഉയിരും, ഉണ്മയും, വഴിയും, ഒളിയുമായി തീരും.

    അന്നുമുതൽ യേശു : സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി (മത്തായി 4 : 17) . രാജ്യത്തിന്റെ ഈ സുവിശേഷം സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും (മത്തായി 24 : 14).

ഹേ തോഴാ ബദ്ധപ്പെടുക

കനാനിൽ നാം കടക്കുക !

എല്ലാവർക്കും മുൻ നടന്നയാൾ

ഒരുക്കുന്നാൻ വിശ്രാമനാൾ

(ബാസൽ മിഷ്യൻ ഗീതം 241: 5)